പ്രമേഹ നിയന്ത്രണത്തിന് ഫങ്ഷണൽ ഫുഡ്‌സ് (FUNCTIONAL FOODS): നിങ്ങൾ അറിയേണ്ടതെല്ലാം
- Dt Renjini Radhakrishnan

- Dec 30, 2025
- 3 min read

ഈ ദിവസങ്ങളിൽ നമ്മൾ ചർമ്മത്തിന്റെ ഭംഗിയെക്കുറിച്ചും വയറിന്റെ ആരോഗ്യത്തെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചുമൊക്കെ ഒരുപാട് സംസാരിക്കാറുണ്ട്. പക്ഷേ, നമ്മളറിയാതെ തന്നെ 'ഷുഗർ ഹെൽത്ത്' നമ്മുടെ ജീവിതം കൈയടക്കി കഴിഞ്ഞു.
പ്രമേഹം (Diabetes) എന്നത് ഇപ്പോൾ നമ്മുടെ കുടുംബത്തിലെ ഒരാളെപ്പോലെ അത്രയ്ക്ക് സാധാരണമായി മാറിക്കഴിഞ്ഞു. നമുക്കില്ലെങ്കിൽ നമ്മുടെ അച്ഛനമ്മമാർക്കോ, അപ്പൂപ്പൻ-അമ്മൂമ്മമാർക്കോ, സഹോദരങ്ങൾക്കോ അല്ലെങ്കിൽ അടുത്ത ബന്ധുക്കൾക്കോ ആർക്കെങ്കിലും ഒരാൾക്ക് പ്രമേഹം കാണും.

കണക്കുകൾ നോക്കിയാൽ ശരിക്കും പേടി തോന്നും. 2050 ആകുമ്പോഴേക്കും ലോകത്ത് പ്രമേഹ രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് പറയുന്നത്. ഇന്ന് നോക്കിയാൽ തന്നെ പത്തിൽ ഒരാൾക്ക് ഒന്നുകിൽ പ്രമേഹമുണ്ട്, അല്ലെങ്കിൽ ആ അവസ്ഥയിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്.
അപ്പോൾ ശരിക്കുള്ള ചോദ്യം ഇതാണ്
എങ്ങനെയാണ് ഈ രോഗം നമ്മുടെ ജീവിതത്തിന്റെ ഭാഗമായത്?
പഞ്ചസാര മാത്രമാണോ ഇതിന് പിന്നിലെ വില്ലൻ?
പഞ്ചസാര പൂർണ്ണമായും ഒഴിവാക്കിയാൽ നമ്മൾ സേഫ് ആണോ?
എന്താണ് ശരിക്കും ഈ ഡയബറ്റിസ്?

നമ്മുടെ ശരീരം ആഹാരത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്ന രീതിയിൽ വരുന്ന ഒരു തകരാറാണ് പ്രമേഹം. നമ്മൾ കഴിക്കുന്ന ഭക്ഷണം ഗ്ലൂക്കോസ് ആയി മാറുന്നു. ഇത് നമ്മുടെ കോശങ്ങളിലേക്ക് കടന്നാലേ നമുക്ക് ഊർജ്ജം കിട്ടൂ. ഈ കോശങ്ങളുടെ വാതിൽ തുറന്ന് ഗ്ലൂക്കോസിനെ അകത്തേക്ക് വിടുന്നത് 'ഇൻസുലിൻ' എന്ന ഹോർമോണാണ്.
എന്നാൽ പ്രമേഹം വരുമ്പോൾ ഈ പ്രക്രിയ കൃത്യമായി നടക്കില്ല. ഇതിന് രണ്ട് കാരണങ്ങളുണ്ടാകാം:
ശരീരം ആവശ്യത്തിന് ഇൻസുലിൻ നിർമ്മിക്കുന്നില്ല.
ഇൻസുലിൻ ഉണ്ടെങ്കിലും അത് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ല (ഇൻസുലിൻ റെസിസ്റ്റൻസ്).

ഗ്ലൂക്കോസിന് കോശങ്ങളിലേക്ക് കയറാൻ പറ്റാതെ വരുമ്പോൾ അത് രക്തത്തിൽ തന്നെ തങ്ങിനിൽക്കും. ഈ 'അതികം ആയ ' ഗ്ലൂക്കോസ് പിന്നീട് ശരീരത്തിലുടനീളം നടന്ന് നമ്മുടെ രക്തക്കുഴലുകൾ, ഞരമ്പുകൾ, വൃക്കകൾ, കണ്ണ്, ഹൃദയം എന്നിവയെ ഒക്കെ പണി തരും.
പാൻക്രിയാസിലെ ബീറ്റാ കോശങ്ങളാണ് ഇൻസുലിൻ ഉണ്ടാക്കുന്നത്. അതുകൊണ്ട് പാൻക്രിയാസിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാലും പ്രമേഹം വരാം.
പക്ഷേ എന്തുകൊണ്ടാണ് നമ്മുടെ ശരീരം ഇങ്ങനെ പെരുമാറുന്നത്? നമ്മുടെ അവയവങ്ങൾ തന്നെ നമുക്കെതിരെ തിരിയുന്നത് എന്തുകൊണ്ടാണ്?
കയ്പ്പുള്ള സത്യം: നമ്മുടെ ലൈഫ്‌സ്റ്റൈൽ തന്നെയാണ് വില്ലൻ

മിക്കവാറും സമയങ്ങളിൽ നമ്മുടെ ശരീരം ശത്രുവല്ല നമ്മൾ തന്നെയാണ് വില്ലൻ. വർഷങ്ങളായി നമ്മൾ കഴിക്കുന്ന സംസ്കരിച്ച ഭക്ഷണങ്ങൾ (refined foods), മധുരപാനീയങ്ങൾ, നാരുകൾ കുറഞ്ഞ ഭക്ഷണം, ഒപ്പം ഒട്ടും വ്യായാമമില്ലാത്ത അവസ്ഥ, പുകവലി, സ്ട്രെസ്സ്, അമിതവണ്ണം എന്നിവയെല്ലാം ചേർന്നാണ് ശരീരത്തെ ഇൻസുലിൻ റെസിസ്റ്റൻസിലേക്ക് തള്ളിവിടുന്നത്. അമിതവണ്ണവും ഹൃദയരോഗങ്ങളും പ്രമേഹത്തിന്റെ കൂടെപ്പിറപ്പുകളാണ്.

ചിലരിൽ പാരമ്പര്യം കാരണം ചെറുപ്പത്തിലേ പ്രമേഹം വരാറുണ്ട്. അത് അവരുടെ തെറ്റല്ല. പക്ഷേ സന്തോഷമുള്ള വാർത്ത എന്താണെന്നു വെച്ചാൽ, അങ്ങനെയുള്ളവർക്കും ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും ഈ അവസ്ഥയെ നിയന്ത്രിക്കാനും മറ്റു പ്രശ്നങ്ങൾ വരുന്നത് തടയാനും സാധിക്കും.
ഇവിടെയാണ് വളരെ സിമ്പിളായ, എന്നാൽ നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന 'ഭക്ഷണം' എന്ന മരുന്നിന്റെ പ്രസക്തി.
ഭക്ഷണത്തിലെ ചെറിയ മാറ്റങ്ങൾ, വലിയ ഗുണങ്ങൾ

ആരോഗ്യം വീണ്ടെടുക്കാൻ വലിയ വിപ്ലവകരമായ മാറ്റങ്ങൾ വേണമെന്നാണ് നമ്മൾ കരുതുന്നത്. പക്ഷേ സത്യത്തിൽ, ദിവസവും ഭക്ഷണത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ ദീർഘകാലത്തേക്ക് വലിയ ഗുണം ചെയ്യും. അതിനുള്ള ഏറ്റവും നല്ല വഴിയാണ് 'ഫങ്ഷണൽ ഫുഡുകൾ' (Functional foods).
ഇവ വെറും കലോറി മാത്രമല്ല തരുന്നത്, മറിച്ച് ശരീരത്തെ സംരക്ഷിക്കാനും കേടുപാടുകൾ തീർക്കാനും സഹായിക്കുന്നു. ഉദാഹരണത്തിന്, തവിടുള്ള അരി (Brown rice) ഊർജ്ജം നൽകുന്നതിനൊപ്പം വയറിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷിക്കും ചർമ്മത്തിനും നല്ലതാണ്.

പയറുവർഗ്ഗങ്ങൾ വെറും പ്രോട്ടീൻ മാത്രമല്ല, അവ ഷുഗറും കൊളസ്ട്രോളും വീക്കവും (inflammation) കുറയ്ക്കാനും സഹായിക്കുന്നു.
എന്തുകൊണ്ടാണ് ഈ ഭക്ഷണങ്ങൾ ഇത്ര സ്പെഷ്യൽ ആകുന്നത്?
കാരണം അവയിലുള്ള 'ബയോ ആക്റ്റീവ് കോമ്പൗണ്ടുകൾ' (Bioactive compounds) ആണ്.
നമുക്ക് എളുപ്പത്തിൽ കിട്ടുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം:
ധാന്യങ്ങൾ: ഷുഗർ കൺട്രോളിന്റെ അടിത്തറ

ഓട്സ്, തിന (Millets), ഗോതമ്പ്, തവിടുള്ള അരി എന്നിവ നാരുകൾ (fibre), വിറ്റാമിനുകൾ, നല്ല കൊഴുപ്പ് എന്നിവയാൽ സമ്പന്നമാണ്. ഇതിലൊക്കെയുള്ള 'റെസിസ്റ്റന്റ് സ്റ്റാർച്ച്' രക്തത്തിലേക്ക് ഗ്ലൂക്കോസ് പതുക്കെ മാത്രമേ കടത്തിവിടൂ. അതുകൊണ്ട് ഭക്ഷണം കഴിച്ചു കഴിഞ്ഞ ഉടനെ ഷുഗർ വല്ലാതെ കൂടില്ല. ഓട്സിലെ 'ബീറ്റാ ഗ്ലൂക്കൻ' എന്ന ഘടകം എച്ച്.ബി.എ.വൺ.സി (HbA1c) കുറയ്ക്കാൻ വളരെയധികം സഹായിക്കുന്നു.
പയറുവർഗ്ഗങ്ങൾ: പ്രോട്ടീനേക്കാൾ ഉപരി

പരിപ്പ്, കടല, വൻപയർ, സോയാബീൻ എന്നിവയെല്ലാം ഫൈബർ കൊണ്ടും ആന്റി ഓക്സിഡന്റുകൾ കൊണ്ടും നിറഞ്ഞതാണ്. ഇവയിലുള്ള ചില പ്രത്യേക പെപ്റ്റൈഡുകൾ ഇൻസുലിനെപ്പോലെ തന്നെ പ്രവർത്തിക്കും. ഇൻസുലിൻ ശരിയായി പ്രവർത്തിക്കാത്ത സാഹചര്യത്തിൽ പോലും കോശങ്ങൾ ഗ്ലൂക്കോസ് വലിച്ചെടുക്കാൻ ഇവ സഹായിക്കും.
വെളുത്തുള്ളിയും കറിവേപ്പിലയും: വലിച്ചെറിയാൻ വരട്ടെ!
വെളുത്തുള്ളിയിലെ ഘടകങ്ങൾ രക്തത്തിലെ ഷുഗറും കൊളസ്ട്രോളും കുറയ്ക്കാൻ മിടുക്കന്മാരാണ്. നമ്മൾ മിക്കവാറും കറിയിൽ നിന്ന് എടുത്തു കളയുന്ന കറിവേപ്പില ഷുഗർ നിയന്ത്രിക്കാൻ സഹായിക്കുന്ന പോളിഫെനോളുകളാൽ സമ്പന്നമാണ്. അതുപോലെ മുരിങ്ങയില ഇൻസുലിൻ റെസിസ്റ്റൻസ് കുറയ്ക്കാനും സഹായിക്കുന്നു.

മറ്റു ഭക്ഷണങ്ങൾ
നട്സ്: ബദാം, വാൾനട്ട് എന്നിവ വീക്കം കുറയ്ക്കാനും ഷുഗർ നില മെച്ചപ്പെടുത്താനും സഹായിക്കും.
മഞ്ഞൾ (Curcumin): ഇൻസുലിൻ സെൻസിറ്റിവിറ്റി കൂട്ടുന്നു.
കറുവപ്പട്ട: ഫാസ്റ്റിംഗ് ഷുഗർ കുറയ്ക്കാൻ സഹായിക്കുന്നു.
ഉലുവ: ഇൻസുലിൻ ഉത്പാദനം കൂട്ടാൻ സഹായിക്കുന്നു.
പാവയ്ക്ക: ഇതിന് പ്രകൃതിദത്തമായ ഇൻസുലിൻ ഗുണങ്ങളുണ്ട്.
ലളിതമായി ഇരിക്കട്ടെ കാര്യങ്ങൾ

ഭയങ്കര സങ്കീർണ്ണമായ നിയമങ്ങളുടെ ഒന്നും ആവശ്യമില്ല. പലതരം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, സ്പൈസസ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പാക്കറ്റിൽ വരുന്ന ജങ്ക് ഫുഡുകൾ കുറയ്ക്കുക. അത്രയേ ഉള്ളൂ കാര്യം. ഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു കൺട്രോൾ ഉണ്ടെങ്കിൽ ആരോഗ്യം താനേ വന്നോളും.
REFERENCES
Ansari, P., Khan, J. T., Chowdhury, S., Reberio, A. D., Kumar, S., Seidel, V., Abdel-Wahab, Y. H. A., & Flatt, P. R. (2024). Plant-Based Diets and Phytochemicals in the Management of Diabetes Mellitus and Prevention of Its Complications: A Review. Nutrients, 16(21), 3709. https://doi.org/10.3390/nu16213709
Maheshwari, A. (2025). Functional foods and their role in diabetes. J Nutr Metab Health Sci, 8(2), 32-34. https://doi.org/10.18231/j.ijnmhs.2025.008
Abolanle A. A. Kayode, Great O. Adebodun, Daniel I. Fabunmi1, and Omowumi T. Kayode. Role of Functional Foods in the Management of Diabetes Mellitus: A Concise Review. Bioactive Molecules and Pharmaceuticals 2023; 2(7): 29-42. DOI: https://www.doi.org/10.31989/bmp.v2i7.1132




Comments