ഗ്ലൂട്ടൻ ഫ്രീ ഡയറ്റ്...ട്രെൻഡാണോ, അല്ലെങ്കിൽ ശരീരത്തിന്റെ ആവശ്യമോ?”
- Dt Renjini Radhakrishnan

- Oct 13
- 2 min read

ഇന്നത്തെ കാലത്ത് “Gluten-free” എന്ന് എഴുതിയ പാക്കറ്റ് കണ്ടാൽ നമുക്ക് സ്വയം കൂടുതൽ ആരോഗ്യബോധമുള്ളവരായി തോന്നും. പക്ഷേ യാഥാർഥ്യത്തിൽ ഗ്ലൂട്ടൻ എന്ന് പറയുന്നത് എന്താണ്? ഇത് ശരിക്കും നമ്മുടെ ശരീരത്തോട് എതിരാണോ, അതോ നമ്മൾ തന്നെ ആണോ അതിനെ കുറ്റകാരൻ ആക്കിയത്
ഗ്ലൂട്ടൻ എന്നാൽ എന്ത് ?
ഗ്ലൂട്ടൻ ഒരു പ്രോട്ടീൻ മാത്രമാണ്. ഗോതമ്പ്, ബാർലി, റൈ എന്നിവയിൽ സ്വാഭാവികമായി കാണപ്പെടുന്നു. ചപ്പാത്തി പൊങ്ങുന്നത്, പരാത്ത പാളികൾക്കിടയിലൂടെ വായു കുടിഞ്ഞ് മൃദുവാകുന്നത് അതാണ് ഗ്ലൂട്ടന്റെ കരുത്ത്.അതായത്, നമുക്ക് പതിവായി കഴിക്കുന്ന പല വിഭവങ്ങളുടെയും “ആത്മാവ്” ഗ്ലൂട്ടനാണ്.
നമ്മുടെ ഭക്ഷണത്തിൽ ഗ്ലൂട്ടൻ എവിടെയൊക്കെ?
ഗ്ലൂട്ടൻ നമുക്ക് പ്രതിദിനമായി ലഭിക്കുന്നത് വളരെ സാധാരണമായ വിഭവങ്ങളിലൂടെ തന്നെ:

ഗോതമ്പ്, മൈദ എന്നിവ ചേർന്ന വിഭവങ്ങൾ — ചപ്പാത്തി, പൂരി, പരാത്ത, ബ്രെഡ്
മൈദാ നൂഡിൽസ്, ബിസ്കറ്റ്, കേക്ക്
ബാർലി അടങ്ങിയ പാനീയങ്ങൾ അല്ലെങ്കിൽ മാൾട്ട് പൗഡറുകൾ
അതേസമയം, അരി, റാഗി, ജോവർ, ബജ്ര, പയർവർഗങ്ങൾ തുടങ്ങിയവയിൽ ഗ്ലൂട്ടൻ ഇല്ല.അതിനാൽ നമ്മുടെ പരമ്പരാഗത ഭക്ഷണക്രമം ഭാഗികമായി ഗ്ലൂട്ടൻ ഫ്രീ ആയിരുന്നു എന്നും പറയാം.
എപ്പോൾ ആണ് ഗ്ലൂട്ടൻ ദോഷകരമാകുന്നത് ?
മിക്ക ആളുകൾക്കും ഗ്ലൂട്ടൻ ദോഷം ചെയ്യുന്നില്ല.പക്ഷേ ചിലർക്കിത് ശരീരത്തിൽ പ്രെശ്നം ആയി തീരാം . അതിന് മൂന്നു പ്രധാന കാരണങ്ങളുണ്ട്:

സെലിയക് ഡിസീസ് – ഗ്ലൂട്ടൻ കഴിക്കുമ്പോൾ ശരീരത്തിന്റെ പ്രതിരോധ സംവിധാനം സ്വന്തം ആന്ത്രങ്ങളെ ആക്രമിക്കുന്ന രോഗം.
വളരെ ചെറിയ അളവിലും പ്രതികരണം ഉണ്ടാകും. അതിനാൽ അവർക്കു ജീവിതകാലം മുഴുവൻ ഗ്ലൂട്ടൻ ഒഴിവാക്കണം.
ഗോതമ്പ് അലര്ജി – ഗോതമ്പ് പ്രോട്ടീനുകളോടുള്ള അലർജി.
ചർമത്തിൽ ചുളിവ്, വീക്കം, ശ്വാസതടസ്സം എന്നിവ അനുഭവപ്പെടാം.
നോൺ സെലിയക് ഗ്ളൂട്ടൻ സെന്സിറ്റിവിറ്റി – ചിലർക്ക് ഗ്ലൂട്ടൻ കഴിച്ചാൽ വയറുവീകം , തളർച്ച , അജീരണം തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാകും.
പക്ഷേ ചിലപ്പോൾ അത് ഗ്ലൂട്ടൻ കൊണ്ടല്ല, മറ്റുള്ള കാർബോഹൈഡ്രേറ്റുകൾ (FODMAPs) കൊണ്ടായിരിക്കും.
"Gluten-Free" ട്രെൻഡ് — ആരോഗ്യമോ ആകർഷണമോ?
ഇന്നത്തെ സമൂഹത്തിൽ ഗ്ലൂട്ടൻ-ഫ്രീ എന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു.“ഗ്ലൂട്ടൻ ഒഴിവാക്കിയാൽ ശരീരം ശുദ്ധമാകും, വണ്ണം കുറയും” എന്ന വിശ്വാസം എത്രയോ പേരിൽ വേരൂന്നിയിരിക്കുന്നു.
പക്ഷേ യാഥാർത്ഥ്യം അതിനോട് ഒട്ടും ബന്ധമില്ല.പല gluten-free പാക്കറ്റ് ഭക്ഷണങ്ങളും ഫൈബർ കുറവുള്ളതും, ഷുഗറും കൊഴുപ്പും കൂടുതലുള്ളതുമാണ്.അതിനാൽ അതിനെ “ആരോഗ്യകരം” എന്നു പറയുന്നത് വെറും മറവുപടിയാണ്.

ഗ്ലൂട്ടൻ ഇല്ലാതാക്കുമ്പോൾ പലർക്കും ഊർജ്ജനില കുറയുകയും, ചില വിറ്റാമിനുകൾക്കും ധാതുക്കൾക്കും കുറവ് വരികയും ചെയ്യാറുണ്ട്.അതുകൊണ്ട്, സീലിയാക് ഡിസീസ്, അലര്ജി എന്നിവ ഒന്നും ഇല്ലെങ്കിൽ ഗ്ളൂട്ടനെ എന്തിന് ഒഴിവാക്കണം
നമ്മുടെ വഴിയിൽ തന്നെ ഉത്തരം ഉണ്ട്
നമ്മുടെ പഴയ ഭക്ഷണരീതികളിൽ തന്നെ എല്ലാ ഉത്തരങ്ങളും ഉണ്ട്.മുമ്പ് അമ്മമാർ ദിവസവും വ്യത്യസ്ത ധാന്യങ്ങൾ മാറ്റിമറിച്ച് പാചകം ചെയ്തിരുന്നതാണ് നമ്മുക്കും അത് തന്നെ ചെയ്യാമല്ലോ

ഗോതമ്പിനൊപ്പം റാഗി, ജോവർ, ബജ്ര, ചോളം എന്നിവ ഉൾപ്പെടുത്താം.പ്രോസസ്ഡ് മൈദാ ഭക്ഷണം കുറയ്ക്കുക ഗ്ലൂട്ടൻ കൊണ്ടല്ല, അത് പോഷകമൂല്യം കുറഞ്ഞതുകൊണ്ടാണ്.
പ്രോസസ്ഡ് മൈദാ ഭക്ഷണം കുറയ്ക്കുക ഗ്ലൂട്ടൻ കൊണ്ടല്ല, അത് പോഷകമൂല്യം കുറഞ്ഞതുകൊണ്ടാണ്.
തൈര്, മോർ, കഞ്ഞി, പുളിയരി പോലുള്ള പ്രോബയോട്ടിക് വിഭവങ്ങൾ ഉൾപ്പെടുത്തുക.
പോർഷൻ നിയന്ത്രിക്കുക അധികം കഴിക്കുന്നത് എന്തും ദോഷം ചെയ്യും.
ഇതെല്ലാം പാലിച്ചാൽ ശരീരം തന്നെ തന്റെ സമത്വം കണ്ടെത്തും.
ഗ്ലൂട്ടൻ ശരിക്കും കുറ്റക്കാരനാണോ?
നമ്മൾ എല്ലായ്പ്പോഴും ഒരു കുറ്റക്കാരനെ അന്വേഷിക്കുന്നവരാണ്.വണ്ണം കൂടിയാലും, അജീരണം വന്നാലും, ചർമ്മം മങ്ങിയാലും കാരണം ഗ്ലൂട്ടനെന്ന് നിഗമനം.പക്ഷേ പലപ്പോഴും പ്രശ്നം ഗ്ലൂട്ടനിൽ അല്ല, നമ്മുടെ ഭക്ഷണരീതിയിലും ജീവിതരീതിയിലും തന്നെയാണ്. ഉറക്കം കുറവ്, വെള്ളം കുറവ്, സമ്മർദ്ദം, ഫൈബർ കുറവ് ഇവയൊക്കെ ചേർന്നാണ് ദഹനം പ്രേശ്നത്തിൽ ആകുന്നത് .അപ്പോൾ കുറ്റം പറയേണ്ടത് ചപ്പാത്തിയെയോ പരാത്തയെയോ അല്ല, നമ്മുടെ ജീവിതപാഠങ്ങളെ തന്നെയാണ്.
ഗ്ലൂട്ടൻ നമ്മെ ദോഷപ്പെടുത്തുന്നില്ല; അതിനെ നാം തെറ്റിദ്ധരിച്ചിരിക്കുന്നു.മൈദാ കേക്കുകളും പാക്കറ്റ്ഡ് ബിസ്കറ്റുകളും ഒഴിവാക്കുക പക്ഷേ ചപ്പാത്തിയെ ഭയപ്പെടേണ്ടതില്ല.അതിന്റെ പിന്നിലെ പ്രോട്ടീൻ, ഗ്ലൂട്ടൻ, നമ്മുടെ ഭക്ഷണത്തിന്റെ ഒരു ഭാഗമാണ് അതിനെ ഒഴിവാക്കേണ്ടതല്ല, മനസ്സിലാക്കേണ്ടതാണ്.അതിന്റെ പിന്നിലെ പ്രോട്ടീൻ, ഗ്ലൂട്ടൻ, നമ്മുടെ ഭക്ഷണത്തിന്റെ ഒരു ഭാഗമാണ് അതിനെ ഒഴിവാക്കേണ്ടതല്ല, മനസ്സിലാക്കേണ്ടതാണ്.
ഭക്ഷണം ഒഴിവാക്കുമ്പോൾ ആരോഗ്യം കിട്ടില്ല; ഭക്ഷണത്തെ മനസ്സിലാക്കുമ്പോഴാണ് അത് സാധ്യമാകുന്നത്.
References




Comments