എന്തുകൊണ്ട് നമ്മുക് എരിവുള്ള ഭക്ഷണത്തോട് ഇത്ര ഇഷ്ടം ? ആ 'തീ'യുടെ പിന്നിലെ ശാസ്ത്രവും, രസവും, നമ്മുടെ കൾച്ചറും!
- Dt Renjini Radhakrishnan

- Dec 11
- 4 min read

നിങ്ങൾ ഒരു സാധാരണ മലയാളി വീട്ടിലാണ് വളർന്നതെങ്കിൽ, ഈയൊരു സത്യം നിങ്ങൾക്ക് നന്നായറിയാം: നമ്മളെ സംബന്ധിച്ച് മസാലയും, മുളകും വെറും Ingredients അല്ല, അതൊരു വികാരമാണ്.
എരിവില്ലാത്ത ഒരു ഭക്ഷണത്തെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ. അതൊരു അപൂർണ്ണതയാണ്... ഒരു കുറവാണ്... ആഹാരത്തിൻ്റെ 'ആത്മാവിനെ' ആരോ എടുത്ത് മാറ്റിയ പോലെ. നമ്മൾ കളിയാക്കി ചോദിക്കാറുണ്ടല്ലോ,"ഇത് ഒരു വികാരവും ഇല്ലാത്ത ഫുഡ് അഹ്‌ണല്ലോ ” എന്ന്. ഈ 'വികാരം ' കൊണ്ട് നമ്മൾ പ്രധാനമായും ഉദ്ദേശിക്കുന്നത് ഒന്നുമാത്രം: എരിവ്!

എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ഒന്ന് ആലോചിച്ചിട്ടുണ്ടോ, എന്തുകൊണ്ടാണ് നമുക്ക് എരിവിനോട് ഇത്ര ഭ്രാന്തമായ സ്നേഹം? എന്തുകൊണ്ടാണ് നമ്മളിൽ ചിലർക്ക് കണ്ണിൽ വെള്ളം വരുത്തുന്ന ആ 'തീ' ഒരു ആസക്തിയാവുന്നത്... മറ്റ് ചിലർക്ക് mild ആയ എരിവ് പോലും ഒരു പേടിയാവുന്നത്? പിന്നെ, തണുപ്പുള്ള രാജ്യങ്ങളിലുള്ളവർക്ക് എരിവ് കുറഞ്ഞ വിഭവങ്ങളോട് എന്തുകൊണ്ടാണ് കൂടുതൽ ഇഷ്ടം?
ഇതൊരു രസകരമായ വിഷയമാണ്. ജീവശാസ്ത്രവും, മനഃശാസ്ത്രവും, നമ്മുടെ ശീലങ്ങളും, സംസ്കാരവും എല്ലാം ഇവിടെ ഒരുമിച്ച് വരുന്നു. ഒരു കൊച്ചുമുളകിനുള്ളിൽ ഒളിപ്പിച്ചുവെച്ച ഒരു ചെറിയ സംയുക്തത്തിൽ നിന്നുമാണ് ഇതിൻ്റെയെല്ലാം തുടക്കം.
HOT' എന്ന് തോന്നുമെങ്കിലും, ശരിക്കും അത് ഒരു ചൂടല്ല!

നിങ്ങളൊരു പച്ചമുളക് കടിക്കുമ്പോൾ, അതിൽ ശരിക്കും ഒരു 'ചൂട്' ഇല്ല. താപനിലയിൽ ഒരു മാറ്റവും വരുന്നില്ല. എന്നിട്ടും വായിൽ 'തീ' പിടിച്ചതുപോലെയുള്ള ഒരു അനുഭവം!
ഇവിടുത്തെ മാജിക് ഒരു കെമിക്കലാണ്: അതിൻ്റെ പേരാണ് Capsaicin (കാപ്‌സെയ്‌സിൻ).
നമ്മുടെ വായിലുള്ള TRPV1 എന്ന് പേരുള്ള ഒരു റിസപ്റ്ററുമായിട്ടാണ് കാപ്‌സെയ്‌സിൻ കൂടിച്ചേരുന്നത്. യഥാർത്ഥത്തിൽ ഈ റിസപ്റ്ററിൻ്റെ ജോലി എന്താണെന്നോ? ചൂടുള്ള ചായ, തിളച്ച കഞ്ഞി, ആവി എന്നിവയുടെ 'ചൂട്' അറിയുക.

എന്നാൽ കാപ്‌സെയ്‌സിൻ ഈ റിസപ്റ്ററിനെ പറ്റിക്കുന്നു. ഇത് അത്രയ്ക്ക് ശക്തിയായി അതിനെ ഉത്തേജിപ്പിക്കും, അതോടെ നിങ്ങളുടെ തലച്ചോറ് വിചാരിക്കുന്നത് വായ ശരിക്കും എരിയുകയാണെന്നാണ്.
അതുകൊണ്ടാണ് നമുക്ക് ഈ sensations ഒക്കെ വളരെ റിയലായി തോന്നുന്നത്: ആ ചൂട്, ആ നീറ്റൽ, വേദന, പുകച്ചിൽ. ശരിക്കും പറഞ്ഞാൽ, എരിവ് ഒരു രുചിയല്ല (Taste അല്ല). അതൊരു Trigeminal Sensation ആണ് ; അതായത്, സാധാരണയായി അപകടം തിരിച്ചറിയുന്ന ഞരമ്പുകളിൽ നിന്നുള്ള ഒരു സന്ദേശം.

നിങ്ങളുടെ തലച്ചോറ് സത്യത്തിൽ പറയുന്നത് ഇതാണ്: “ശ്രദ്ധിക്കുക! വായക്ക് ചൂട് പിടിക്കുന്നു! രക്ഷപ്പെടാൻ നോക്കൂ!”എന്നാൽ നമ്മൾ എന്ത് ചെയ്യും? ഓടി രക്ഷപ്പെടുന്നതിന് പകരം കുറച്ചുകൂടി കറി കോരിയെടുക്കും, ഒരു കഷ്ണം മുളക് കൂടി കടിച്ചെടുക്കും, ആ ഒരു 'ത്രില്ല്' ആസ്വദിക്കും. എന്തുകൊണ്ട്?
എരിവ് ഇഷ്ടമുള്ളവർക്ക് വേദന അറിയാം ; അവരത് ആസ്വദിക്കുന്നു, അത്രയേ ഉള്ളൂ.

എരിവ് ഇഷ്ടമുള്ളവർക്ക് ആ 'ചൂട്' അനുഭവപ്പെടില്ല എന്നത് ഒരു തെറ്റിദ്ധാരണയാണ്. അവർക്കത് നല്ലതുപോലെ അറിയാം ,നമ്മളേക്കാൾ കൂടുതൽ .പക്ഷേ, അവർക്ക് ആ sensation ഇഷ്ടമാണ്, അതിനുശേഷം കിട്ടുന്ന ആശ്വാസവും അവർ ആസ്വദിക്കും. റോളർ കോസ്റ്ററിൽ പോകുന്ന പോലെ ഒരു ത്രില്ല്! വേദന വന്നാൽ നമ്മുടെ ശരീരം പ്രതികരിക്കുന്നത് Endorphins പുറത്തുവിട്ട് കൊണ്ടാണ് , വ്യായാമത്തിന് ശേഷം നമുക്ക് കിട്ടുന്ന അതേ 'feel-good' കെമിക്കൽസ്.
വേദനയും, ആനന്ദവും ഇടകലരുന്ന ഈ ഒരവസ്ഥക്ക് പറയുന്ന പേരാണ് Benign Masochism ,സുരക്ഷിതമാണെന്നറിഞ്ഞുകൊണ്ട് വേദന ആസ്വദിക്കുക.
ഈ ഒരു മനഃശാസ്ത്രപരമായ 'കിക്ക്' കാരണമാണ് എരിവ് ഇഷ്ടമുള്ളവർ വീണ്ടും വീണ്ടും അത് കഴിക്കാൻ കാരണം.

നമ്മുടെ സ്വഭാവത്തിനും എരിവിഷ്ടവുമായി ബന്ധമുണ്ട്
ഇതുകേട്ടാൽ നിങ്ങൾ അതിശയിക്കും, എത്രത്തോളം എരിവ് കഴിക്കണം എന്ന് തീരുമാനിക്കുന്നതിൽ നമ്മുടെ സ്വഭാവത്തിനും വലിയ പങ്കുണ്ട്. പുതിയ അനുഭവങ്ങൾ ഇഷ്ടപ്പെടുന്നവർ, സാഹസികത ഇഷ്ടപ്പെടുന്നവർ, എപ്പോഴും പുതിയതിനെ തേടുന്നവർ ഇവർക്കാണ് എരിവുള്ള ഭക്ഷണം കൂടുതൽ ഇഷ്ടം. അവർക്ക് എരിവ് വെറും രുചി മാത്രമല്ല; അതൊരു experience ആണ്, ഒരു challenge ആണ്, ഒരു ഉണർവാണ്.

അതേസമയം, ശാന്തമായ സ്വഭാവമുള്ളവരും, വേദനയോട് കൂടുതൽ സംവേദനക്ഷമതയുള്ളവരും (sensitive) എരിവ് കുറഞ്ഞ ഭക്ഷണം തിരഞ്ഞെടുക്കും. ഇവിടെ ശരിയും ഇതൊന്നും തെറ്റോ ശെരിയോ എന്നില്ല . നമ്മുടെ തലച്ചോറും, സ്വഭാവവും എങ്ങനെ രൂപപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത്.
നമ്മുടെ ജനിതകവും ഒരു ഘടകമാണ്
ചില ആളുകളുടെ TRPV1 റിസപ്റ്ററുകൾക്ക് സ്വാഭാവികമായും സംവേദനക്ഷമത കൂടുതലായിരിക്കും, അതിന് കാരണം ചെറിയ ജനിതക വ്യത്യാസങ്ങളാണ്.
ഇതിൻ്റെ ഫലം ഇതാണ്:
കുറഞ്ഞ മുളകിൻ്റെ അംശം പോലും അവർക്ക് ഭയങ്കര എരിവായി തോന്നും.
വായ പെട്ടെന്ന് നിറഞ്ഞുപോകും.
കൂടുതൽ ചുമ വരും.
അവർക്ക് 'ചൂട്' കൂടുതൽ ശക്തമായി അനുഭവപ്പെടും.
മറ്റ് ചിലർക്ക് റിസപ്റ്ററുകൾ കുറവോ, സംവേദനക്ഷമത കുറവോ ആയിരിക്കും ; അവർക്ക് എരിവ് കുറവായിട്ടേ തോന്നൂ.
അതുകൊണ്ടാണ് ഒരു കറി ഒരാൾക്ക് 'സാധാരണം' ആയി തോന്നുമ്പോൾ, മറ്റൊരാൾക്ക് അതൊരു 'അഗ്നിപർവ്വതം' ആയി തോന്നുന്നത്.
ശീലമാണ് നമ്മുടെ ശക്തി, ജനിതകത്തേക്കാൾ വലുത്!
ജനിതകത്തിന് ഒരു പങ്കുണ്ടെങ്കിലും, ശീലമാണ് യഥാർത്ഥ താരം.
നിങ്ങൾ സ്ഥിരമായി എരിവുള്ള ഭക്ഷണം കഴിക്കുമ്പോൾ, നിങ്ങളുടെ TRPV1 റിസപ്റ്ററുകൾ പതിയെ പ്രവർത്തനരഹിതമാകും. കാപ്‌സെയ്‌സിൻ ചേരാൻ കഴിയുന്ന റിസപ്റ്ററുകളുടെ എണ്ണം ശരീരം കുറയ്ക്കും. അപ്പോൾ, മുൻപ് എരിവുള്ളതായി തോന്നിയ അതേ മുളക് കുറച്ചുകാലം കഴിയുമ്പോൾ കൈകാര്യം ചെയ്യാൻ പറ്റുന്ന ഒന്നായി മാറും.

അതുകൊണ്ടാണ് എരിവുള്ള ഭക്ഷണം കഴിച്ച് വളർന്ന ഒരാൾക്ക് അത് കഴിക്കാത്ത ഒരാളേക്കാൾ കൂടുതൽ എരിവ് താങ്ങാൻ കഴിയുന്നത്.
ഇതിലെ ഏറ്റവും രസകരമായ കാര്യം എന്താണെന്നോ? ഈ Tolerance വെറും രണ്ടാഴ്ചക്കുള്ളിൽ മാറാൻ സാധ്യതയുണ്ട്. നിങ്ങൾ എരിവ് കഴിക്കുന്നത് നിർത്തിയാൽ, നിങ്ങളുടെ സംവേദനക്ഷമത വെറും കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ തിരിച്ചു വരും!
എല്ലാ എരിവും ഒരുപോലെയല്ല

മുളക് മാത്രമല്ല 'എരിവ്' നൽകുന്നത്.
കുരുമുളകിൽ Piperine ഉണ്ട്, ഇഞ്ചിയിൽ Zingerone ഉണ്ട്, തൈമിൽ Thymol ഉണ്ട് ഇവയെല്ലാം പലതരം നാഡീ റിസപ്റ്ററുകളെയാണ് ഉത്തേജിപ്പിക്കുന്നത്. അത് ചൂട്, നീറ്റൽ, തണുപ്പ്, അല്ലെങ്കിൽ പെട്ടെന്നുള്ള എരിവ് എന്നിങ്ങനെ പലതരം 'feel' തരും.
അതുകൊണ്ടാണ് 'എരിവ്' എന്ന വാക്കിന് തന്നെ നമ്മുടെ നിത്യജീവിതത്തിലെ പാചകത്തിൽ പല പല അർത്ഥങ്ങൾ വരുന്നത്.
ചൂടുള്ള രാജ്യങ്ങളിൽ എരിവ് കൂടാൻ കാരണം

ലോകത്തിലെ ഏറ്റവും എരിവുള്ള വിഭവങ്ങൾ ഉണ്ടാക്കുന്നത് ചൂടുകൂടിയ രാജ്യങ്ങളിലാണ് ; ഇന്ത്യ, തായ്‌ലൻഡ്, മെക്സിക്കോ. ഇത് വെറുമൊരു യാദൃശ്ചികമല്ല. ചൂടുള്ള കാലാവസ്ഥയിൽ, എരിവുള്ള ഭക്ഷണം ശരിക്കും നമ്മുടെ ശരീരത്തെ തണുപ്പിക്കും.
ആ നീറ്റൽ വരുമ്പോൾ നമുക്ക് വിയർക്കാൻ തുടങ്ങും, രക്തയോട്ടം ചർമ്മത്തിലേക്ക് വർദ്ധിക്കും, ചൂട് പുറത്തേക്ക് പോകും, പതിയെ ശരീരം തണുക്കും. ഇതൊരു Natural Air Conditioning System ആണ്!

കൂടാതെ, ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ വിശപ്പ് കുറയുമ്പോൾ എരിവുള്ള ഭക്ഷണം വിശപ്പുണ്ടാക്കാനും സഹായിക്കും. ഏറ്റവും പ്രധാനം, പല മസാലകൾക്കും Antimicrobial Properties ഉണ്ട്, അതായത് ഭക്ഷണം കേടാവാതെ സൂക്ഷിക്കാൻ സഹായിക്കും ; ഫ്രിഡ്ജ് ഇല്ലാതിരുന്ന കാലത്ത് ഇത് വളരെ അത്യാവശ്യമായിരുന്നു.
നമ്മുടെ പൂർവ്വികർക്ക് ഇതിൻ്റെ സയൻസ് അറിയില്ലായിരുന്നെങ്കിലും, ഫലം എന്താണെന്ന് അവർക്ക് നന്നായറിയാമായിരുന്നു. ആ അറിവ് പതിയെ നമ്മുടെ സംസ്കാരമായി മാറി.
നമ്മൾ വളർന്നുവന്ന സംസ്കാരം നമ്മുടെ നാവിനെ മാറ്റിയെഴുതുന്നു

രുചി എന്നത് വെറും ജീവശാസ്ത്രമല്ല. അതൊരു ഓർമ്മയാണ്. പാരമ്പര്യമാണ്. നമ്മുടെ സ്വത്വമാണ് (Identity).
നമ്മുടെ അമ്മമാർ വെളിച്ചെണ്ണയിൽ കടുക് പൊട്ടിക്കുന്നതും, ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചിടുന്നതും, കറിയുടെ നിറം 'ശരിയാവുന്നതുവരെ' മുളകുപൊടി വാരിയിടുന്നതും കണ്ടാണ് നമ്മൾ വളർന്നത്. ഈ ഗന്ധങ്ങളും, ഈ സെൻസേഷനുകളും നമ്മുടെ വൈകാരിക ലോകത്തിൻ്റെ ഭാഗമായി.
സങ്കീർണ്ണത, സമ്പന്നത, ഊഷ്മളത, ആഴം എന്നിവയെ ആസ്വദിക്കാനാണ് നമ്മുടെ സംസ്കാരം നമ്മളെ പഠിപ്പിച്ചത് അതിൻ്റെയെല്ലാം ഒരു പ്രതീകമായി എരിവും മാറി. അത് വീട് എന്ന തോന്നലാണ് , ആഘോഷമാണ്, ചിലപ്പോൾ ഒരു മരുന്നാണ്.
എരിവ് കൂടുമ്പോൾ എന്തുചെയ്യണം? നമ്മുടെ തൈര്/മോര് വിദ്യ!
ഇത് എല്ലാവരും എന്നെങ്കിലും ഒരിക്കൽ പഠിച്ചിട്ടുണ്ടാകും: വെള്ളം കുടിച്ചാൽ എരിവ് മാറില്ല കാരണം കാപ്‌സെയ്‌സിൻ ലയിക്കുന്നത് കൊഴുപ്പിലാണ്, വെള്ളത്തിലല്ല.

പക്ഷേ, തൈര്, മോര്, പാല്, ഐസ് ക്രീം എന്നിവയോ?
ഇവ ഉടനടി ആശ്വാസം നൽകും, കാരണം ഇവ നമ്മുടെ നാഡീ റിസപ്റ്ററുകളിൽ നിന്ന് കാപ്‌സെയ്‌സിനെ കഴുകി കളയും.
ഇതൊരു ചെറിയ ശാസ്ത്രമാണ്, പക്ഷേ നമ്മുടെ വീട്ടിലെ ഈ ഹാക്ക് എപ്പോഴും Work ആകും!
അപ്പോൾ, എന്തുകൊണ്ടാണ് നമ്മൾ എരിവുള്ള ഭക്ഷണം സ്നേഹിക്കുന്നത്?

കാരണം എരിവ് ഒരു കെമിസ്ട്രിയാണ്. മനഃശാസ്ത്രമാണ്. ശീലമാണ്. നമ്മുടെ കാലാവസ്ഥയാണ്. നമ്മുടെ സംസ്കാരമാണ്. ഓർമ്മകളാണ്.
നമ്മളെ സംബന്ധിച്ച് എരിവ് ഒരു വികാരമാണ്. അതൊരു വീടിൻ്റെ ചൂടാണ്, രുചിയുടെ ത്രില്ലാണ്, ഭക്ഷണത്തിന് ജീവൻ നൽകുന്ന ഒരു തീയാണ്.
നമ്മൾ കൊതിക്കുന്ന ആ പ്രത്യേക 'feel' അതില്ലാതെയാകുമ്പോൾ..
നമ്മുടെ പ്ലേറ്റിൽ ഒരു കുറവ് പോലെ തോന്നും
REFERENCE
Sneha Khedkar (2025, November ) Why do some people like spicy foods, The Scientist.com https://www.the-scientist.com/why-do-some-people-like-spicy-food-73771
Żukowska, P. U., Pepito, B. M. L., Bolini, H. M. A., & Ross, C. F. (2025). Is this spicy? Investigation of factors that influence spicy food choices by US older adults. Food Quality and Preference, 129, 105515. https://doi.org/10.1016/j.foodqual.2025.105515
Rhea Joseph (2024, July). Why do people in warm countries eat spicy foods? The Hindu https://www.thehindu.com/children/why-people-in-warm-countries-eat-spicy-food/article68330753.ece




Comments